മലപ്പുറം ▪️ സിപിഎമ്മിന്റെ പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി നിലമ്പൂരിലെ പൊതുയോഗം ശക്തിപ്രകടനമാക്കാന്‍ പി.വി അന്‍വര്‍ എംഎല്‍എ.
നിലമ്പൂരിലെ ഏറ്റവും അധികം ജനത്തിരക്കുള്ള ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വൈകിട്ട് 6.30നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.
പൊതുയോഗത്തില്‍ വെച്ച് ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസിനെതിരെ ഉള്‍പ്പെടെ തെളിവുകള്‍ പുറത്തുവിടുമെന്നാണ് അന്‍വറിന്റെ അവകാശവാദം.
പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തിലും അന്‍വര്‍ ഇന്ന് നിലപാട് അറിയിച്ചേക്കും. മാമി തിരോധാനത്തില്‍ കോഴിക്കോട് പൊതുയോഗം നടത്തുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിലമ്പൂരില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.
പി.വി അന്‍വറിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തുവരണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആഹ്വാനത്തിന് പിന്നാലെ വലിയ പ്രതിഷേധ പരിപാടികളാണ് മലപ്പുറത്തും കോഴിക്കോടും അരങ്ങേറിയത്.
പി.വി അന്‍വറിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണി മുദ്രാവാക്യം മുഴക്കിയിരുന്നു. തനിക്കെതിരെ മുദ്രാവാക്യം മുഴക്കുന്നവര്‍ ഒരുഘട്ടത്തില്‍ തനിക്കനുകൂലമായി മുദ്രാവാക്യം വിളിക്കുമെന്നായിരുന്നു ഇതിനോട്.പി വി അന്‍വര്‍ പ്രതികരിച്ചത്.
ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട പി.വി അന്‍വര്‍ സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. ഇ.എന്‍ മോഹന്‍ദാസ് പക്കാ ആര്‍എസ്എസ് എന്നായിരുന്നു അന്‍വറിന്റെ ആരോപണം.
മലപ്പുറം മുന്‍ എസ്പി സുജിത് ദാസുമായി മോഹന്‍ദാസിന് അടുത്ത ബന്ധമാണുള്ളതെന്നും അന്‍വര്‍ പറഞ്ഞു. ഇതടക്കമുള്ള തെളിവുകളാകും അന്‍വര്‍ ഇന്ന് പുറത്തുവിടുക.