▶️കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി; പുഷ്പന്‍ അന്തരിച്ചു

0 second read
0
256

കോഴിക്കോട് ▪️ കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ (54) അന്തരിച്ചു.

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ആഗസ്ത് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ മാസം കോഴിക്കോടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് വിലയിരുത്തിയിരുന്നു.

1994 നവംബര്‍ 25ല്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മരണത്തിനിടയാക്കിയ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേല്‍ക്കുന്നത്. കെ.കെ രാജീവന്‍, കെ.വി റോഷന്‍, വി. മധു, സി. ബാബു, ഷിബുലാല്‍ തുടങ്ങിയ നേതാക്കളാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്.

അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം.വി രാഘവനെതിരെ കൂത്തുപറമ്പില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

എം.വി രാഘവന്റെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു. പുഷ്പന്റെ സുഷുമ്‌ന നാഡിക്കാണ് വെടിയേറ്റത്. ഇതോടെ പുഷ്പന്‍ പൂര്‍ണമായും കിടപ്പിലായി. ഈ സംഭവം നടക്കുമ്പോള്‍ പുഷ്പന് പ്രായം വെറും 24 വയസായിരുന്നു.

അസുഖബാധിതനായ ഓരോ തവണയും മരണമുഖത്ത് നിന്ന് കൂടുതല്‍ ഊര്‍ജസ്വലനായി പുഷ്പന്‍ തിരിച്ചുവന്നു. പ്രതിരോധത്തിന്റെ കരുത്തുറ്റ ശബ്ദമായി പുഷ്പന്‍. ചെഗുവേരയുടെ മകള്‍ അലിഡ ഉള്‍പ്പെടെയുള്ളവര്‍ പുഷ്പനെ കാണാന്‍ മേനപ്രയിലെ വീട്ടിലെത്തി.

ബാലസംഘത്തിലൂടെയാണ് പുഷ്പന്റെ മനസില്‍ ഇടതുപക്ഷ ആശയം വളരുന്നത്. നോര്‍ത്ത് മേനപ്രം എല്‍പി സ്‌കൂളിലും ചൊക്ലി രാമവിലാസം സ്‌കൂളിലുമായി എട്ടാം ക്ലാസ് വരെ പഠിച്ചു.

വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പഠനം നിര്‍ത്തി ചെറുപ്പത്തില്‍ തന്നെ വീടിനടുത്തെ പലചരക്കു കടയില്‍ ജോലിക്ക് കയറി.

ബെംഗളൂരുവിലെ കടയില്‍ ജോലി ചെയ്യുന്നതിനിടെ നാട്ടില്‍ വന്നപ്പോഴായിരുന്നു പുഷ്പന്‍ സമരത്തില്‍ പങ്കെടുക്കുന്നതും വെടിയേറ്റ് കിടപ്പിലാകുന്നതും.

ഡിവൈഎഫ്ഐ നിര്‍മിച്ചുനല്‍കിയ വീട്ടിലായിരുന്നു താമസം. നാട്ടിലെ സിപിഐ എം- ഡിവൈഎഫ്ഐ പ്രവര്‍ത്തകരും കുടുംബവുമാണ്  സാന്ത്വന തണലായി ഒപ്പമുണ്ടായത്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണാന്‍ തലശേരി ടൗണ്‍ഹാളിലാണ് ഒടുവിലെത്തിയത്.

കര്‍ഷകതൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളില്‍ അഞ്ചാമനാണ് പുഷ്പന്‍. സഹോദരങ്ങള്‍: ശശി, രാജന്‍, അജിത (പുല്ലൂക്കര), ജാനു, പ്രകാശന്‍ (താലൂക്ക് ഓഫീസ് തലശേരി).

Load More Related Articles
Load More By News Desk
Load More In OBIT

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…