ചെങ്ങന്നൂര്‍ ▪️ മരം മോഷണം ചോദ്യം ചെയ്ത ഉടമയുടെ സഹോദരനു നേരെ ആക്രമണവും വധ ഭീഷണിയും. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ചെങ്ങന്നൂര്‍ മുളക്കുഴ അരീക്കര പോസ്റ്റ് ഓഫീസിനു സമീപം താമസിക്കുന്ന രഞ്ജിത്ത് (മുന്ന) യെയാണ് ചെങ്ങന്നൂര്‍ എസ്‌ഐ എസ്. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. സഹോദരിയുടെ പറമ്പിലെ മരങ്ങള്‍ അനുവാദമില്ലാതെ മുറിച്ചുമാറ്റുന്നത് തടയാന്‍ എത്തിയ മുളക്കുഴ അരീക്കര പ്രശാന്തി യില്‍ മനോജ് ജയപ്രകാശിനെയാണ് രഞ്ജിത്ത് ആക്രമിച്ചത്.
പറമ്പില്‍ നിന്ന രണ്ട് പെരുമരങ്ങള്‍ രഞ്ജിത്ത് തലേ ദിവസം വെട്ടിയെടുത്ത് മോഷ്ടിച്ച് കയറ്റിക്കൊണ്ടു പോയതായും. തുടര്‍ന്നും മരംമുറിക്കുന്നുവെന്ന വിവരം സമീപ വസ്തുവിലെ ടാപ്പിംഗ് തൊഴിലാളിയായ സുനില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മനോജും സുഹൃത്ത് വിനോദും സ്ഥലത്തെത്തിയത്.
ഈ സമയം പുരയിടത്തിലെ പുളിമരം വെട്ടുന്നത് തടയാന്‍ ശ്രമിച്ച ഇരുവരെയും രഞ്ജിത്ത് മെഷീന്‍ വാള്‍ വീശി പലതവണ ആക്രമിക്കുവാന്‍ ശ്രമിച്ചു.
ഒഴിഞ്ഞു മാറുന്നതിനിടയില്‍ നിലത്തു വീണ് മനോജിനും വിനോദിനും പരുക്ക് പറ്റി. സുനിലിനെയും വാള്‍ വീശി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മൂവര്‍ക്കും നേരെ ബോംബ് എറിയുമെന്നും രഞ്ജിത്ത് ഭീഷണ മുഴക്കിയതായി പരാതിയില്‍ പറയുന്നു.
നഷ്ടപ്പെട്ട മരങ്ങള്‍ക്കെല്ലാം കൂടി ഏകദേശം 30,000 രൂപ വില വരുമെന്ന് മനോജ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.