ചെങ്ങന്നൂര്‍ ▪️ കാണികള്‍ക്ക് നിരവധി വൈകാരിക നിമിഷങ്ങള്‍ സമ്മാനിച്ച ഒളിംപിക്‌സിന്റെ കളിക്കളങ്ങളിലെ ആവേശത്തിരമാലകള്‍ ഏറ്റെടുത്ത് കോളേജില്‍ നടത്തിയ ചാമ്പ്യന്‍സ് ചലഞ്ച് വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.
ലോകത്തിലെ ഏറ്റവും വലിയ പാഠശാലയാണ് നമ്മുടെ കളിക്കളങ്ങള്‍ എന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രിന്‍സിപ്പല്‍ പ്രൊഫ. റൂബി മാത്യു പറഞ്ഞു.
തുടര്‍ന്ന് ഒളിംപിക്‌സ് ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കൃഷ്ണപ്രിയ, ഇര്‍ഫാന, അബിറ്റ്, സുല്‍ത്താന, ലിഡിയ എന്നീ വിദ്യാര്‍ത്ഥികള്‍ നടത്തിയ ജ്വാല എന്ന അവതരണം ഏറെ ഹൃദ്യമായി.
ബ്രേക്ക് ഡാന്‍സ് ഈ ഒളിംപിക്‌സില്‍ ഒരു മത്സരയിനമായി ആദ്യമായി ഇടം പിടിച്ചതിലുള്ള സന്തോഷം ഇക്കണോമിക്‌സ് വകുപ്പിലെ വിജിന്‍ ഒരു തകര്‍പ്പന്‍ ബ്രേക്ക് ഡാന്‍സിലൂടെ അവതരിപ്പിച്ചത് നിറഞ്ഞ കൈയ്യടികളോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്.
ബ്രേക്ക് ഡാന്‍സിനു ശേഷം ഒളിംപിക്‌സ് സംബന്ധിച്ച അറിവുകളുടെ മാറ്റുരയ്ക്കല്‍ മത്സരമാണ് നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡോ. അനീഷ്യയുടെ മൊബൈല്‍ ഫോണിലേക്ക് വന്ന ആയിരക്കണക്കിന് വാട്‌സ്ആപ്പ് മെസേജുകള്‍ക്ക് കാരണക്കാരനായ വ്യക്തി ആര് എന്ന ചോദ്യത്തിന് പി.ആര്‍ ശ്രീജേഷ് എന്ന് ഉത്തരം നല്‍കാന്‍ സുവോളജി പി.ജി വിദ്യാര്‍ത്ഥിനിയായ ശ്രീലക്ഷ്മിയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് ഒളിമ്പിക്‌സ് ചിഹ്നം അലേഖനം ചെയ്ത മെഡലുകളും പന്തുകളും സമ്മാനമായി നല്‍കി. എയ്ഡ്‌സ് അവബോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി ജില്ലാ തലത്തില്‍ നടത്തിയ മിനി മാരത്തോണില്‍ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റി സനീഷിനെ ചടങ്ങില്‍ ആദരിച്ചു. അധ്യാപകരായ ഡോ. ആര്‍. അഭിലാഷ്, പ്രൊഫ. ബിജി എബ്രഹാം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.