കോഴിക്കോട് ▪️ അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് സഹോദരി അഞ്ജു.
തിരച്ചില്‍ താത്കാലികമായി നിര്‍ത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അഞ്ജുവിന്റെ പ്രതികരണം.
അര്‍ജുനെവിടെയെന്ന അമ്മയുടെ ചോദ്യത്തിന് ഉത്തരം വേണം. അര്‍ജുനെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യണം. ടെക്‌നോളജികള്‍ ഉപയോഗിച്ച് അര്‍ജുനെ കണ്ടെത്താന്‍ ശ്രമിക്കണം.
ദൗത്യത്തില്‍ നിന്ന് പിന്‍വാങ്ങരുത്. അര്‍ജുനൊപ്പം കാണാതായവരെയും കണ്ടെത്തണമെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ ആരെയും കുറ്റം പറയുന്നില്ലെന്നും അഞ്ജു വ്യക്തമാക്കി.
അര്‍ജുനെ കാണാതായി പതിമൂന്നാം നാള്‍ ട്രക്കും അര്‍ജുനെയും ഇതുവരെ കണ്ടെത്താനാകാതെ തിരച്ചിലിന് താത്കാലിക വിരാമമിട്ടിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍.
മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെ അടക്കം പരിശോധന നടത്തിയിട്ടും അര്‍ജുന്റെ ട്രക്ക് എവിടെയെന്ന് കണ്ടെത്താനായിട്ടില്ല.
ഇന്ന് വൈകിട്ട് നാല് മണിയോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് പൊടുന്നനെ അറിയിക്കുകയായിരുന്നുവെന്നാണ് സ്ഥലത്തുണ്ടായിരുന്ന എംഎല്‍എ എം. വിജിന്‍ അടക്കമുള്ളവര്‍ പ്രതികരിച്ചത്.
നദിയില്‍ ഒഴുക്ക് ശക്തമാണെന്നും അര്‍ജുനെ കണ്ടെത്താനാകാതെ മടങ്ങുകയാണെന്നുമാണ് ഈശ്വര്‍ മാല്‍പെയുടെ പ്രതികരണം. എന്നാല്‍ നദിയിലെ ഒഴുക്ക് ശാന്തമായാല്‍ എപ്പോള്‍ വിളിച്ചാലും എത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി.
എന്നാല്‍ ഇന്നലെ ആറര വരെ തുടര്‍ന്ന തിരച്ചില്‍ ഇന്ന് നാല് മണിയോടെ നിര്‍ത്തിയതിനെ മന്ത്രി റിയാസ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് കാലാവസ്ഥ ഭേദപ്പെട്ട നിലയില്‍ അനുകൂലമാണെന്നാണ് സംഭവ സ്ഥലത്തുനിന്നുള്ള റിപ്പോര്‍ട്ട്.
ദൗത്യം അവസാനിപ്പിക്കരുതെന്നും തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് വൈകിട്ട് കത്തയച്ചിരുന്നു. തിരച്ചില്‍ അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന സൂചന ലഭിച്ചതോടെയായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടല്‍.
ദൗത്യം തുടരുമെന്ന് പറയുമ്പോഴും ഇന്ന് നടന്ന യോഗത്തില്‍ അര്‍ജുനായുള്ള തിരച്ചില്‍ താത്കാലികമായി നിര്‍ത്താനാണ് കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം ദൗത്യം അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും യോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തതായും എല്ലാ സാധ്യതകളും തേടുമെന്നും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച ബോട്ടുകളും ഉപകരണങ്ങളും വൈകിട്ടോടെ സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. അനുകൂല സാഹചര്യമായാല്‍ ദൗത്യം തുടരുമെന്നാണ് കര്‍ണാടക അറിയിക്കുന്നത്.
എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലെടുത്ത തീരുമാനങ്ങള്‍ ഒന്നും നടപ്പിലായില്ല. ലോകത്തെവിടെയുള്ള സാധ്യതകളും പരിശോധിക്കണമെന്നും അതിന് എല്ലാവരും ഒരുമിച്ച് നില്‍ക്കണം.
സര്‍ക്കാര്‍ സംവിധാനത്തില്‍ നടത്തിയ ചര്‍ച്ചയില്‍ എടുത്ത പോണ്ടൂണ്‍ കൊണ്ടുവരിക, ഡ്രഡ്ജിങ് നടത്തുക എന്നതടക്കമുള്ള തീരുമാനങ്ങള്‍ നടപ്പായില്ല. ഇത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഏകോപനത്തിലെ പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടിയാണ് റിയാസിന്റെ പ്രതികരണം.