ഡല്‍ഹി ▪️ കോണ്‍ഗ്രസിലെ രഹസ്യങ്ങളും ഇല്ലാത്ത കാര്യങ്ങളും മാധ്യമങ്ങള്‍ക്ക് പങ്കുവയ്ക്കുന്നുവെന്ന് ഹൈക്കമാന്‍ഡ്. വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്നത് ആരാണെന്ന് കണ്ടെത്താന്‍ നിര്‍ദേശം നല്‍കി.
സംസ്ഥാനത്തിന്റെ ചുമതലയുള്ള സംഘടന ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയാണ് നിര്‍ദേശം നല്‍കിയത്. അച്ചടക്കസമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി.
പാര്‍ട്ടിക്കുള്ളിലെ അച്ചടക്കം നശിപ്പിക്കുന്ന പ്രവര്‍ത്തി എന്ന് ഹൈക്കമാന്‍ഡ് നിരീക്ഷിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ നടപടി ഉണ്ടാകും എന്നും മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞദിവസം ഓണ്‍ലൈനായി ചേര്‍ന്ന് കെപിസിസി യോഗത്തിലെ വിവരങ്ങള്‍ പുറത്തുപോയതില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അതൃപ്തിയിലായിരുന്നു. കെപിസിസിയുടെയും ഡിസിസിയുടെയും ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കില്ലെന്ന നിലപാടിലേക്ക് പ്രതിപക്ഷ നേതാവ് എത്തിയിരുന്നു.
നിസ്സഹകരണം അവസാനിപ്പിക്കണമെങ്കില്‍ വാര്‍ത്തചോര്‍ത്തി നല്‍കുന്നത് ആരെന്ന് കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍.