▶️ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിന് വനമിത്ര അവാര്‍ഡ്

0 second read
0
4,570

തിരുവനന്തപുരം ▪️ സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ 2023-24 വര്‍ഷത്തെ വനമിത്ര അവാര്‍ഡ് (ആലപ്പുഴ ജില്ല) ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിന്.

പരിസ്ഥിതി ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ കോളജിന്റെ മികച്ച സംഭാവനകള്‍ പരിഗണിച്ച് ലഭിച്ചിരിക്കുന്ന അവാര്‍ഡ് കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നു.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വനം വകുപ്പ്മന്ത്രി എ.കെ ശശീന്ദ്രനില്‍ നിന്നും കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. റൂബി മാത്യു, ഭൂമിത്രസേന ക്ലബ് കണ്‍വീനര്‍ ഡോ. ആര്‍. അഭിലാഷ്, ജൈവവൈവിധ്യ ക്ലബ് കണ്‍വീനര്‍ പ്രൊഫ. ബിജി എബ്രഹാം എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

ജൈവവൈവിധ്യ ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ ശാന്തിസ്ഥല്‍ എന്ന സംരക്ഷിത പ്രദേശത്ത്, പാച്ചോറ്റി, കമ്പകം, സമുദ്രക്കായ്, കുടകപ്പാല, കടമ്പ്, കായാമ്പൂ, നീര്‍മാതളം, അകില്‍ എന്നീ വൃക്ഷങ്ങളും പൂമരങ്ങളും, നക്ഷത്ര വനവും ഒക്കെ തണല്‍ വിരിക്കുന്നു.

ആലപ്പുഴ സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റെ സഹായത്തോടെ കോളജില്‍ സ്ഥാപിക്കപ്പെട്ട മിയാവാക്കി മാതൃകയിലുള്ള വിദ്യാവനത്തില്‍ 128 ഇനങ്ങളില്‍ പെട്ട 347 വൃക്ഷത്തൈകള്‍ ആരോഗ്യത്തോടെ വളരുന്നു.

വിവിധ ഇനം മുളകള്‍, ഫലവൃക്ഷങ്ങള്‍ സോമലത, സമുദ്രപ്പച്ച, കരളകം, കസ്തൂരി വെണ്ട, അരൂത എന്നിങ്ങനെ നൂറോളം ഔഷധസസ്യങ്ങളുടെ ഒരു ഉദ്യാനം എന്നിവയെല്ലാം കാമ്പസ്സില്‍ ഉണ്ട്.

ഭൂമിത്രസേന ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ നാട്ടുപക്ഷികളുടെ കണക്കെടുപ്പ്, ആയിരംതെങ്ങ്, അന്ധകാരനഴി പ്രദേശങ്ങളില്‍ നടത്തിയ കണ്ടല്‍ പഠന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഭിന്നശേഷി വിദ്യാര്ഥികളെ പരിസ്ഥിതി സംരക്ഷണത്തിലേക്ക് കൈപിടിച്ച് നടത്തിയ അമൃതം ഹരിതം പദ്ധതി, പച്ചക്കിളിക്കൂട്ടം എന്നപേരില്‍ നടത്തിയ പ്രകൃതി പഠന ക്യാംപുകള്‍, ഊത്തപിടിത്തം, കാട്ടുതീ, പ്ലാസ്റ്റിക് ദുരുപയോഗം എന്നിവ സംബന്ധിച്ച് തയ്യാറാക്കിയ അവബോധ പോസ്റ്ററുകള്‍, കോളജിലെ ഫിസിക്‌സ്, സുവോളജി വകുപ്പുകള്‍ പരിസ്ഥിതി രംഗത്ത് നല്‍കിയ ഗവേഷണ സംഭാവനകള്‍ എന്നിവയെല്ലാം അവാര്‍ഡിന് പരിഗണിച്ചു.

വനം വകുപ്പ്, ജൈവവൈവിധ്യ ബോര്‍ഡ്, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്, ഡബ്ല്യൂ.ഡബ്ല്യൂ.എഫ്, ആലപ്പുഴ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ വ്യത്യസ്തങ്ങളായ നിരവധി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കോളജിന് കഴിഞ്ഞിട്ടുണ്ട്.

Load More Related Articles
Load More By News Desk
Load More In EDUCATION

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…