
ചെങ്ങന്നൂര്‍ ▪️ പമ്പയാറ്റില്‍ ചാടിയെന്ന് സംശയിക്കുന്ന പന്തളം സ്വദേശിയായ യുവതിക്കായി തിരച്ചില്‍ തുടരുന്നു.
പന്തളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ നഴ്‌സായ ഫാത്തിമാ ബീവി (39) യാണ് പമ്പയാറ്റില്‍ ചാടിയതെന്ന് സംശയിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് 1.33ഓടെയാണ് യുവതി കല്ലിശ്ശേരി ഇറപ്പുഴ പാലത്തിന്റെ കല്ലിശ്ശേരി ഭാഗത്ത് നിന്നും നടപ്പാതയിലൂടെ നടന്നു വന്ന് വലത്തേക്ക് തിരിഞ്ഞ് പടിക്കെട്ടിലൂടെ പമ്പയാറ്റിലേക്ക് ഇറങ്ങിയത്.
എംസി റോഡില്‍ സെന്‍ട്രല്‍ ബാങ്കിന് എതിര്‍വശത്തെ വര്‍ക്ക്‌ഷോപ്പിന് മുന്‍പില്‍ സ്‌കൂട്ടര്‍ വച്ച ശേഷം ഫോണില്‍ സംസാരിച്ചു കൊണ്ട് കല്ലിശേരി പാലം വരെ നടന്നെത്തുകയും തിരികെ സ്‌കൂട്ടറിന് അടുത്ത് പോകുകയും ചെയ്തിരുന്നു.
തുടര്‍ന്ന് വീണ്ടും പാലത്തിലേക്ക് നടന്നെത്തിയ യുവതി വലത്തേക്ക് തിരിഞ്ഞ് പടിക്കെട്ടിലൂടെ പമ്പയാറ്റിലേക്ക് ഇറങ്ങുകയായിരുന്നു.
എന്റെ കല്ലിശ്ശേരി വാട്‌സ്ആപ് ഗ്രൂപ്പ് പാലത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസിടവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
പമ്പയാറിന്റെ കരയിലെ പുല്ലിന് പുറത്തായി ഹെല്‍മെറ്റ്, താക്കോല്‍, മൊബൈല്‍ ഫോണ്‍ എന്നിവയും വച്ചിട്ടുണ്ട്. ഇവരുടെ സ്‌കൂട്ടര്‍ റോഡിന്റെ വശത്തായുണ്ട്.
യുവതി പമ്പയാറ്റിലേക്ക് ഇറങ്ങിയതിനു ശേഷം ബൈക്കിലെത്തിയ ഒരു യുവാവ് ഇവിടേക്ക് ഇറങ്ങി കുറേ കഴിഞ്ഞി തിരിച്ചു പോയതായും പറയുന്നു.
ഇന്നലെ രാത്രി 7 മണി വരെ അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ മുതല്‍ സ്‌കൂബാ ടീം പമ്പയാറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് മൂലം മൃതദേഹം കണ്ടെത്താന്‍ കഴിയില്ല എന്ന നിഗമനത്തില്‍ സ്‌കൂബാ തിരച്ചില്‍ അവസാനിപ്പിച്ചു.
യുവതിയുടെ ബന്ധുക്കളും ചെങ്ങന്നൂര്‍ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.