ചെങ്ങന്നൂര്‍ ▪️ ഉയരങ്ങള്‍ കീഴടക്കി ഹിമവാന്റെ മടിത്തട്ടില്‍ എത്തിയ ഡോ.കമല്‍ നാടിന്റെ അഭിമാനമായി.
ആതുരശുശ്രൂഷയോടൊപ്പം ചിട്ടയായ പരിശീലനത്തിലൂടെ ട്രെക്കിങ് നടത്താനുള്ള ആഗ്രഹമാണ് ഡോ.കമലിനെ ഹിമാലയത്തിന്റെ ഉയങ്ങളില്‍ എത്തിച്ചത്.
ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ ഉഷ ആശുപത്രിയിലെ പരേതരായ ഡോ. അച്യുതന്‍ പിള്ളയുടെയും, ഡോ. ഉഷാദേവിയുടെയും മകനാണ് അസ്ഥിരോഗ വിദഗ്ധനായ ഡോ. കമല്‍ (46).
ചെങ്ങന്നൂര്‍ ഉഷ ഹോസ്പിറ്റല്‍, പത്തനാപുരം സെന്റ് ജോസഫ്‌സ് ഹോസ്പിറ്റല്‍, കൊട്ടാരക്കര ക്രിസ്തുരാജ് ഹോസ്പിറ്റല്‍, കറ്റാനം മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളിലെ അസ്ഥിരോഗവിഭാഗത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഒരു ഡോക്ടര്‍ എന്നതിലുപരി ഒരുപാട് വലിയ ആഗ്രഹങ്ങളുമായി ജീവിതത്തെ നോക്കിക്കാണുന്ന ഒരു വ്യക്തികൂടി ആണ് ഇദ്ദേഹം
ജോലിക്കൊപ്പം സമയം കണ്ടെത്തി കഠിനാധ്വാനം ചെയ്താണ് 2023ല്‍ തോന്നിയ ആഗ്രഹം പൂര്‍ത്തീകരിച്ചത്. ആറുമാസത്തെ ദിവസേനയുള്ള ചിട്ടയായ 8 കിലോമീറ്റര്‍ നടത്തം, കാര്‍ഡിയോ വ്യായാമങ്ങള്‍, കയറ്റങ്ങള്‍ കയറിയുള്ള പരിശീലനം എന്നിവയ്ക്കു ശേഷമാണ് സ്വപ്നത്തിലേക്ക് നടന്നു കയറിയത്.
2024 ഏപ്രില്‍ 13ന് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തി. കാഠ്മണ്ടില്‍ നിന്നും ലുക്ല എത്താന്‍ വിമാനത്താവളത്തിലെ സാങ്കേതിക കാരണം മൂലം 143 കിലോമീറ്റര്‍ സഞ്ചരിച്ചു രാമേചാപ്പ് എയര്‍പോര്‍ട്ടില്‍ എത്തി. അവിടെ നിന്നും ലുക്ലയില്‍ എത്തി. പിന്നെ അനുമതി വാങ്ങി ട്രെക്കിങ് തുടങ്ങി.
ആദ്യ ദിവസം ഫേക്ഡിംഗ് എത്തി. അടുത്ത ദിവസം നാംചെ ബസാര്‍ പിന്നെ മൂന്നാം ദിവസം ഖുജൂങ്, നാലാം ദിവസം ഡെബുച്ചേ, അഞ്ചും ആറും ദിവസങ്ങള്‍ ഡിങ്‌ബോച്ചേ, ഏഴാം ദിവസം ലോബുച്ചേ, എട്ടാം ദിവസം ഗോരക്‌ഷെപ് അവിടെ നിന്നും ബേസ് ക്യാമ്പിലേക്കും തിരിച്ചും അടുത്തദിവസം വെളുപ്പിനെ മൂന്ന് മണിക്ക് കാലാപത്തര്‍ കയറി.
താഴെ നിന്നു കയറും തോറും തണുപ്പ് കൂടുകയും വായു സഞ്ചാരം കുറഞ്ഞു വരികയും ചെയ്തിരുന്നു. 15 ഡിഗ്രി കൊടും തണുപ്പില്‍ ഹിമാലയത്തിന്റെ മടിത്തട്ടിലെത്തി. സൂര്യോദയവും എവറസ്റ്റ് കൊടുമുടി കണ്ടു. അങ്ങനെ ആഗ്രഹം സഫലമായി.
പിന്നെ തിരികെ ഇറക്കം. ഒന്‍പതാം ദിവസം ഫെറിച്ചേ പത്താം ദിവസം നാംചെ ബസാര്‍, പതിനൊന്നാം ദിവസം ലുക്ല അവിടെ നിന്ന് രാമേചാപ്പ് എയര്‍പോര്‍ട്ട് തിരിച്ചു കാഠ്മണ്ഡു എത്തി. തിരിച്ചു നാട്ടിലേക്ക് വിമാനം കയറി.
വീ റംബ്ലേഴ്‌സ് ബാംഗ്ലൂര്‍ കമ്പനിയാണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ള യാത് സജ്ജമാക്കിയത്. നേപ്പാളി സ്വദേശികളായ ട്രക്ക് ലീഡര്‍ കബിരാജ് റായ്, പോര്‍ട്ടര്‍ ബിവേക് എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.
ഇതിനോടകം തന്നെ ഇന്ത്യയിലെ കശ്മീര്‍ ലേഹ് ലഡാക്ക്, ഉത്തരഖണ്ഡ്, സിക്കിം തുടങ്ങിയ സ്ഥലങ്ങളിലും കേരളത്തില്‍ മീശപുലിമല, നെല്ലിയാമ്പതി, പറമ്പിക്കുളം, അഗസ്ത്യര്‍കൂടം എന്നിവിടങ്ങളിലും ട്രെക്കിങ് ചെയ്തിട്ടുണ്ട്.
സ്വിസ് മൗണ്ടന്‍ അല്‍പ്‌സ്, ടാന്‍സാനിയയിലെ മൗണ്ട് കിളിമഞ്ചാരോ, പെറുവിലെ മൗണ്ട് മാച്ചു പിച്ചു ഒക്കെ കയറുക എന്നതുമാണ് ഇനി ഡോക്ടറുടെ ആഗ്രഹം. ഇനി അതിനായുള്ള തയാറെടുപ്പുകളിലാണ്അസ്ഥിരോഗ വിദഗ്ധനായ ഡോ. കമല്‍.
ഡോ. ലക്ഷ്മി എസ്.പിള്ള (ഉഷ ഹോസ്പിറ്റല്‍) സഹോദരിയാണ്.
ഭാര്യ: ഡോ. ധന്യ (അനസ്‌തെറ്റിസ്റ്റ്, ഗവ. ആശുപത്രി, പത്തനംതിട്ട)
മക്കള്‍: ഗൗരിക, അന്‍വിക.
✍️ ഫിലിപ്പ് ജോണ്‍