തിരുവനന്തപുരം ▪️ ഇനി ഐടി പാര്‍ക്കുകളിലും മദ്യവില്‍ക്കാം. ഐടി പാര്‍ക്കുകളില്‍ മദ്യശാല അനുവദിക്കാനുള്ള ചട്ടഭേദഗതിയിലെ സര്‍ക്കാര്‍ നിര്‍ദ്ദേശം നിയമസഭാ സമിതി അംഗീകരിച്ചു.
ഇതോടെ ഐടി പാര്‍ക്കുകളില്‍ ബാറുടമകള്‍ക്കും മദ്യം വില്‍ക്കാം. ഐടി പാര്‍ക്കുകള്‍ക്ക് നേരിട്ടോ, പ്രമോട്ടര്‍ നിര്‍ദ്ദേശിക്കുന്ന കമ്പനിക്കോ മദ്യവില്‍പ്പനശാല നടത്താം.
ഇതിനായി ഐടി പാര്‍ക്കുകള്‍ക്ക് എഫ്എല്‍4സി ലൈസന്‍സ് നല്‍കും. 20 ലക്ഷം രൂപയായിരിക്കും ലൈസന്‍സ് ഫീസ്. രാവിലെ 11 മണി മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിപ്പിക്കാം.
പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് ചട്ടഭേദഗതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷമാകും തുടര്‍ നടപടി സ്വീകരിക്കുക.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഐടി പാര്‍ക്കുകളില്‍ മദ്യം വില്‍ക്കാമെന്ന തീരുമാനമെടുത്തത്. അന്ന് മുതല്‍ തന്നെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു.
വിദേശ കമ്പനികളെ സഹായിക്കാനാണെന്നതായിരുന്നു വ്യാപകമായി ഉയ!ര്‍ന്ന ആരോപണം. രണ്ടാം പിണറായി സര്‍ക്കാരാണ് ചട്ടഭേദഗതി കൊണ്ടുവന്നത്. നിയമസഭയില്‍ എക്‌സൈസ് മന്ത്രി അവതരിപ്പിച്ച ഈ ചട്ടഭേദ?ഗതിക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.
മദ്യവില്പനയുടെ ചുമതല ഐടി പാര്‍ക്ക് അധികൃതര്‍ക്ക് മാത്രമാക്കണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും നിയമസഭാ സബ്ജക്ട് കമ്മിറ്റി ഇതില്‍ ഭേദഗതി കൊണ്ടുവരികയായിരുന്നു.
നിലവില്‍ ഡ്രൈ ഡേ എടുത്തുകളയുന്നതടക്കമുള്ള പരിഷ്‌കാരങ്ങള്‍ക്ക് സര്‍ക്കാര്‍ ആലോചിക്കുമ്പോഴാണ് ഇത്തരമൊരു നീക്കം. മദ്യവരുമാനം കൂട്ടാന്‍ സംസ്ഥാനത്ത് ഡ്രൈ ഡേ പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ചര്‍ച്ച ചെയ്തത്.
കുറിപ്പ് തയ്യാറാക്കി സമര്‍പ്പിക്കാന്‍ ടൂറിസം സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. വരുമാനം കൂട്ടാന്‍ ബീവറേജസ് ഔട്ട്‌ലറ്റ് ലേലം ചെയ്യാനുള്ള സാധ്യതയും സര്‍ക്കാര്‍ തേടുകയാണ്.