
അടൂര്‍ ▪️ കണ്ടെയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു.
ഇന്നലെ രാത്രി 11.30ഓടെ അടൂര്‍ ഏഴംകുളം പട്ടാഴിമുക്കില്‍ വച്ചാണ് കണ്ടെയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേല്‍ ഹാഷിം മന്‍സിലില്‍ ഹാഷിം (35) എന്നിവരാണ് മരിച്ചത്.
കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
ടൂര്‍ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.
സഹ അധ്യാപകര്‍ക്ക് ഒപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. ഇതിനിടെയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയത്. കൂട്ടിക്കൊണ്ടുപോകുമ്പോള്‍ മറ്റു അസ്വഭാവികതളുണ്ടായിരുന്നില്ലെന്നാണ് സഹ അധ്യാപകര്‍ പറയുന്നത്.
സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.