ഇംഫാല്‍ ▪️ മണിപ്പൂരിലേത് ഗോത്ര വിഭാഗങ്ങള്‍ തമ്മിലുള്ള കലാപമെന്ന് ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമോണ്‍ പ്രതികരിച്ചു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
കേന്ദ്ര സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടല്‍ ഉണ്ടാകണം. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയൂ. ചര്‍ച്ചക്കുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.
മണിപ്പൂരില്‍ കലാപത്തിന് അയവില്ല. ബിഷ്ണുപൂരില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. മണിക്കൂറുകളോളം ഇരുവിഭാഗങ്ങള്‍ തമ്മില്‍ വെടിവെപ്പ് ഉണ്ടായി. ഗ്രനേഡ് ആക്രമണവും നടന്നു.
സംഘര്‍ഷത്തിന്റെ ആദ്യ മൂന്നു ദിവസങ്ങളില്‍ എതിര്‍ വിഭാഗത്തിന്റേതല്ലാത്ത നിരവധി പള്ളികള്‍ ആക്രമിക്കപ്പെട്ടത് സംശയാസ്പദമാണ്.
കത്തോലിക്ക ദേവാലയങ്ങള്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ചതില്‍ ദുരൂഹതയുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരെത്തി ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ വ്യക്തതയില്ല.
രാഷ്ട്രീയ ചര്‍ച്ചകള്‍ ഇതുവരെയും ഫലം കണ്ടിട്ടില്ല. നഷ്ടപരിഹാരം സംബന്ധിച്ച പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയിട്ടില്ല. പലായനം ചെയ്തവര്‍ക്ക് മടങ്ങിയെത്താന്‍ കഴിയുമോ എന്ന് പോലും ഇപ്പോഴും ഉറപ്പില്ല.
മെയ് മൂന്നിന് ആരംഭിച്ച കലാപം ഇപ്പോഴും തുടരുകയാണ്. രണ്ടു ദേശീയപാതകള്‍ അടഞ്ഞുകിടക്കുന്നു. കര്‍ഫ്യു പ്രഖ്യാപിച്ചെങ്കിലും വെടിവെപ്പ് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.