
ചെങ്ങന്നൂര്‍▪️ ചെങ്ങന്നൂര്‍ ബ്ലോക്ക് പട്ടിക ജാതി വികസന വകുപ്പ് ഓഫീസിന്റെ നേതൃത്വത്തില്‍ 2024-25 സാമ്പത്തിക വര്‍ഷം ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ പട്ടികജാതി ക്ഷേമത്തിനായി 6.40 കോടി രൂപ ചിലവഴിച്ചു.
ഭൂരഹിതരായ 28 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി. പഠന സൗകര്യം ഒരുക്കുന്നതിനായി 77 കുടുംബങ്ങള്‍ക്ക് പഠന മുറി നല്‍കി. പൂര്‍ത്തിയാകാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണത്തിനായി 68 കുടുംബങ്ങള്‍ക്ക് തുക അനുവദിച്ചു.
29 കുടുംബങ്ങള്‍ക്ക് വിവാഹ ധനസഹായവും, മിശ്ര വിവാഹിതരായ നാലു ദമ്പതികള്‍ക്ക് ധനസഹായവും നല്‍കി.
ദുര്‍ബല വിഭാഗ കുടുംബത്തിന് ഭൂമിയും മറ്റൊരു കുടുംബത്തിന് പഠനമുറിയും അനുവദിച്ചു.സ്വയം തൊഴില്‍ വായ്പ ലഭിച്ച രണ്ടു വ്യക്തികള്‍ക്ക് സബ്‌സിഡി അനുവദിച്ചു. വിദേശത്ത് തൊഴിലിനായി പോയ 41 വ്യക്തികള്‍ക്ക് ഒരു ലക്ഷം രൂപ വീതം അനുവദിച്ചു. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന 2482 പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ലപ്‌സം ഗ്രാന്റ്റും 1727 വിദ്യാര്‍ഥികള്‍ക്ക് പ്രൈമറി എയ്ഡ് ആനുകൂല്യവും നല്‍കി.
എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 94 വിദ്യാര്‍ഥികള്‍ക്ക് ധനസഹായവും ചെങ്ങന്നൂര്‍ ഗവ. ഐടിഐയിലെ 432 ട്രെയിനികള്‍ക്ക് സ്‌റ്റൈപെന്‍ഡും വിതരണം ചെയ്തു..
ശ്രീ അയ്യങ്കാളി സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരം 29 കുട്ടികള്‍ക്ക് ധനസഹായം നല്‍കി. പട്ടികജാതി വിഭാഗം പെണ്‍കുട്ടികള്‍ക്കായുള്ള പ്രീ മെട്രിക് ഹോസ്റ്റലില്‍ ചിലവുകള്‍ക്കായി ഇരുപതു ലക്ഷം രൂപയും വെണ്‍മണി, ബുധനൂര്‍ പഞ്ചായത്തുകളിലെ മോഡല്‍ പ്രീ സ്‌കൂളുകള്‍ക്കായി 10 ലക്ഷം രൂപയോളം ചിലവഴിച്ചു.
ചികിത്സ സഹായമായി 213 കുടുംബങ്ങള്‍ക്ക് തുക നല്‍കി. ഏക വരുമാനദായകന്‍ മരണപ്പെട്ട കുടുംബങ്ങള്‍ക്കുള്ള സഹായപദ്ധതിയില്‍ 17 കുടുംബങ്ങള്‍ക്ക് ധനസഹായം അനുവദിച്ചു.
അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ആറ് നഗറുകളിലും പ്രളയ പുനര്‍ നിര്‍മാണപദ്ധതി പ്രകാരം ഒന്‍പത് നഗറുകളിലും ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് ആറു നഗറുകളില്‍ റോഡ്, സംരക്ഷണ ഭിത്തി എന്നിവയുടെ നിര്‍മാണം നാല് നഗറുകളില്‍ പൂര്‍ത്തീകരിച്ചു. രണ്ടിടത്ത് നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. കൂടാതെ പുലിയൂര്‍ പൊറ്റമേല്‍ക്കടവ് ജയപ്രകാശ് റോഡിന് 50 ലക്ഷം രൂപ അനുവദിച്ചതായി ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍ പി. ബിജി അറിയിച്ചു.