കൊച്ചി ▪️ കോതമംഗലം വാരപ്പെട്ടിയില്‍ 220 കെ.വി ലൈനിന് കീഴില്‍ കൃഷി ചെയ്ത കുലച്ച വാഴകള്‍ കെഎസഇബി ജീവനക്കാര്‍ വെട്ടിമാറ്റിയ സംഭവത്തില്‍ കര്‍ഷകന്‍ തോമസിന് സര്‍ക്കാര്‍ പണം കൈമാറി.
നഷ്ടപരിഹാരമായി 3.5 ലക്ഷംരൂപ ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ ആന്റണി ജോണ്‍ എംഎല്‍എ തോമസിന്റെ വീട്ടിലെത്തിയാണ് കൈമറിയത്. മുഖ്യമന്ത്രിയ്ക്കും കേരള സര്‍ക്കാരിനും എംഎല്‍എ യക്കും തോമസ് നന്ദി പറഞ്ഞു. സഹായധനത്തില്‍ പൂര്‍ണ്ണ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.
വാരപ്പെട്ടിയില്‍ കണ്ടംപാറ കാവുംപുറത്ത് തോമസിന്റെ നാന്നൂറോളം വാഴകളാണ് കെഎസ്ഇബി ജീവനക്കാര്‍ വെട്ടിയത്. ഉയരത്തില്‍ വളര്‍ന്ന വാഴകൈകള്‍ വൈദ്യുതി ലൈനില്‍ തട്ടി അപകടം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ജീവനക്കാര്‍ വാഴകള്‍ വെട്ടിയത്.
എന്നാല്‍ ഓണവിപണി ലക്ഷ്യമിട്ട് വളര്‍ത്തിയ വാഴകര്‍ വെട്ടിയത് കനത്ത നഷ്ടമാണ് തോമസിനുണ്ടാക്കിയത്. ഇത് പരിഹരിക്കാന്‍ വൈദ്യുതി കൃഷി മന്ത്രിമാര്‍ ചര്‍ച്ച നടത്തിയാണ് നഷ്ടപരിഹാരം നല്‍കുവാന്‍ തീരുമാനിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരന്‍ നായര്‍ , തഹസീല്‍ദാര്‍ റെയ്ച്ചല്‍ കെ. വര്‍ഗീസ്, എഫ് ഐ ടി ചെയര്‍മാന്‍ ആര്‍ അനില്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, പഞ്ചായത്ത് അംഗങ്ങളായ ദിവ്യ സലി, സി. ശ്രീകല, പ്രിയ സന്തോഷ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല മോഹനന്‍, എം.പി.ഐ ചെയര്‍മാന്‍ ഇ.കെ ശിവന്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറി എം.പി വര്‍ഗീസ്, കെഎസ്ഇബി ട്രാന്‍സ്മിഷന്‍ ഡയറക്ടര്‍ സജി പൗലോസ്, തൊടുപുഴ ട്രാന്‍സ്മിഷന്‍ ഡെപ്പ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അനില്‍ കുമാര്‍ ജി, കോതമംഗലം ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ റുഖിയ, സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ജോണ്‍സണ്‍ മാനുവല്‍, കൃഷി ഓഫീസര്‍ ഇ.എം മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.