സിയോള്‍▪️ ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 179 ആയി.
വിമാനത്തില്‍ ആകെയുണ്ടായിരുന്ന 181 പേരില്‍ 179 പേരും മരിച്ചതായി ദക്ഷിണ കൊറിയ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അഗ്‌നിശമന ഏജന്‍സിയെ ഉദ്ധരിച്ചാണ് ദക്ഷിണ കൊറിയയുടെ യോന്‍ഹാപ് ന്യൂസ് ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിമാന ജീവനക്കാരായ ഒരു സ്ത്രീയേയും പുരുഷനേയും മാത്രമാണ് ജീവനോടെ പുറത്തെത്തിക്കാനായത്.
ബാങ്കോക്കില്‍ നിന്ന് 181 പേരുമായി യാത്ര തിരിച്ച ജെജു എയറിന്റെ ബോയിങ് വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. പ്രാദേശിക സമയം രാവിലെ 09.07നായിരുന്നു അപകടം. പക്ഷി ഇടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വിമാനത്തില്‍ ഉണ്ടായിരുന്നവരില്‍ 175 പേര്‍ യാത്രക്കാരും ആറ് പേര്‍ ജീവനക്കാരുമായിരുന്നു. 175 യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയന്‍ പൗരന്മാരും രണ്ട് പേര്‍ തായ്‌ലന്‍ഡ് സ്വദേശികളുമായിരുന്നു. അപകടത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് ജെജു എയര്‍ അധികൃതര്‍ രംഗത്തെത്തി. ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.