🟧 ബഥേല്‍ ജംഗ്ഷന്‍-റെയില്‍വേസ്‌റ്റേഷന്‍ റോഡരികില്‍ നാലു നിലകളോടു കൂടിയ മെയിന്‍ ബ്ലോക്ക്
🟧 എം.സി റോഡരികില്‍ രണ്ടു നിലകളില്‍ ഫ്രണ്ട് ബ്ലോക്ക്
🟧 ഇരു ബ്ലോക്കുകളെയും തമ്മില്‍ ബന്ധിപ്പിക്കുവാന്‍ നാലു മീറ്റര്‍ വീതിയില്‍ തുരങ്ക പാത (സബ്‌വേ)
ചെങ്ങന്നൂര്‍ ▪️ അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിട സമുച്ചയങ്ങളും അനുബന്ധ സൗകര്യങ്ങളുമായി ചെങ്ങന്നൂരില്‍ പുതിയ കെഎസ്ആര്‍ടി ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം ആരംഭിക്കുന്നു.
മന്ത്രി സജി ചെറിയാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 15 കോടി രൂപ ചിലവഴിച്ച് 32,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള കെട്ടിട സമുച്ചയമാണ് നിര്‍മ്മാണത്തിനൊരുങ്ങുന്നത്.
ടെന്‍ഡര്‍ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിച്ച് പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായാണ് കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനില്‍ കെട്ടിടങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുവാന്‍ തുരങ്ക പാതയും (സബ് വേ) നിര്‍മ്മിക്കും.
നിലവിലെ യാര്‍ഡിലെ കാലപഴക്കമേറിയ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി സ്റ്റാന്‍ഡിന്റെ തെക്കു ഭാഗത്ത്
ബഥേല്‍ ജംഗ്ഷന്‍-റെയില്‍വേസ്‌റ്റേഷന്‍ റോഡരുകില്‍ നാലുനില കളോടു കൂടിയ മെയിന്‍ ബ്ലോക്കും എതിര്‍ ഭാഗത്തായി എം.സി റോഡരുകില്‍ രണ്ടു നിലകളില്‍ ഫ്രണ്ട് ബ്ലോക്കും ഉടങ്ങുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിട സമുച്ചയമാണ് നിര്‍മ്മിക്കുന്നത്.
മെയിന്‍ ബ്ലോക്കിന്റെ നിര്‍മ്മാണമാണ് ആദ്യം ആരംഭിക്കുക. ഈ ബ്ലോക്കിനോട് ചേര്‍ന്ന് എട്ടു ബസുകള്‍ക്ക് ഒരേ സമയം പാര്‍ക്കു ചെയ്യുവാന്‍ കഴിയും.
ശബരിമല തീര്‍ത്ഥാടകര്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഉപകാരപ്പെടുന്ന നിലയില്‍ ചെറിയ നിരക്കു നല്‍കി ഉപയോഗിക്കാവുന്ന ഡോര്‍മെറ്ററികള്‍ ഈ ബ്ലോക്കില്‍ ഉണ്ടാകും.
പ്രധാന ഓഫീസ്, ജീവനക്കാരുടെ വിശ്രമമുറികള്‍, ശുചി മുറികള്‍ എന്നിവയും ഇതില്‍ പ്രവര്‍ത്തിക്കും. ഏറ്റവും താഴത്തെ നില കടമുറികള്‍ക്കായി മാറ്റി വയ്ക്കും. നിലവിലെ ബസ് സ്റ്റാന്‍ഡിനു സമാന്തരമായാവും രണ്ടാം നില ഉയരുക. ഈ കെട്ടിടത്തില്‍ രണ്ടു ലിഫ്റ്റുകളും സ്‌റ്റെയറുകളും ഉണ്ടാകും:
കൂടാതെ ഫ്രണ്ട് ബ്ലോക്കിലെ ഇരുവശങ്ങളിലും ബസ്സുകള്‍ക്ക് പാര്‍ക്ക് ചെയ്യാം. സ്റ്റാന്‍ഡിനുള്ളില്‍ അധിക സമയം ചിലവിടാത്ത ബസ്സുകള്‍ക്കാവും ഇവിടെ പാര്‍ക്കിംഗ് അനുവദിക്കുക. എം.സി റോഡിനോടു ചേര്‍ന്നുള്ള ഭാഗത്തും കെട്ടിടത്തിന്റെ പുറകു ഭാഗത്തും ബസ്സ് പാര്‍ക്കിംഗ് സജ്ജീകരിക്കും. ഈ കെട്ടിടത്തിലും ലിഫ്റ്റ് സജ്ജീകരിക്കും.
ഇരു ബ്ലോക്കുകളെയും തള്ളില്‍ ബന്ധിപ്പിക്കുവാന്‍ നാലു മീറ്റര്‍ വീതിയില്‍ തുരങ്ക പാതയും (സബ് വേ) നിര്‍മ്മിക്കും. ഈ പാതയുടെ ഇരുവശങ്ങളിലും ചെറിയ കടമുറികള്‍ ഉണ്ടാകും,
ഫ്രണ്ട് ബ്ലോക്കിന്റെ മേല്‍ക്കൂര നിര്‍മ്മാണം സിംഗപ്പൂര്‍ മാതൃകയിലാണ് വിഭാവനം ചെയ്യുന്നത്. നിലവില്‍ വര്‍ക്ക്‌ഷോപ്പ് ഗാരേജ് ഉള്‍ക്കൊള്ളുന്ന കെട്ടിടം നിലനിര്‍ത്തി ഒന്നേകാല്‍ ഏക്കര്‍ വരുന്ന യാര്‍ഡിന്റെ പരമാവധി സ്ഥലവും പുതിയ ബസ്റ്റ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തിനായി ഏറ്റെടുക്കും.
എടിഒ ഓഫീസ് പ്രവര്‍ത്തിക്കുന്ന ഭാഗം മാത്രം പൊളിച്ചുനീക്കിയാവും നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം ആരംഭിക്കുക.
പദ്ധതിയുടെ അവസാനവട്ട അവലോകത്തിനായി മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റംല ബീവി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി.എസ് ജ്യോതി, അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ എക്‌സിക്യൂട്ടീവ് ശിവ പ്രസാദ്, എന്‍ജിനീയര്‍ ഷമീം, ആര്‍ക്കിടെക്റ്റ് ചാന്ദിനി, സുമീര്‍,
കെഎസ്ആര്‍ടിസി ചെങ്ങന്നൂര്‍ ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ എം.ആര്‍ സജി, ഓഫീസ് സൂപ്രണ്ട് റ്റി.കെ സുജ എന്നിവര്‍ പങ്കെടുത്തു.