▶️130ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 9 മുതല്‍ 16 വരെ

0 second read
0
203

കോട്ടയം▪️ 130ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 9 മുതല്‍ 16വരെ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടക്കും.

ഫെബ്രുവരി 9ന് ഞായറാഴ്ച 2.30ന് മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും.

മണല്‍പ്പുറത്തേക്കുള്ള താത്ക്കാലിക പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം ജനുവരി 6ന് അഭിവന്ദ്യ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ നിര്‍വ്വഹിച്ചു.

മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ അഖില ലോക സഭാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ.പ്രൊഫ. ഡോ. ജെറി പിള്ളൈ (സ്വിറ്റ്‌സര്‍ലാന്‍ഡ്), കൊളംബിയ തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ.ഡോ. വിക്ടര്‍ അലോയോ, ഡോ. രാജ്കുമാര്‍ രാംചന്ദ്രന്‍ (ന്യുഡല്‍ഹി) എന്നിവര്‍ മുഖ്യ പ്രസംഗകരാണ്.

തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7.30ന് ബൈബിള്‍ ക്ലാസ്സുകള്‍ പന്തലില്‍ നടക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സംയുക്തമായാണ് ഈ വര്‍ഷവും ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

കുട്ടികള്‍ക്കുള്ള യോഗം സി.എസ്.എസ്.എമ്മിന്റെ നേതൃത്വത്തില്‍ രാവിലെ 7.30 മുതല്‍ 8.30 വരെ കുട്ടിപ്പന്തലില്‍ നടത്തുന്നതാണ്. എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം 9.30 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 12 മണിക്ക് അവസാനിക്കും. സായാഹ്നയോഗങ്ങള്‍ വൈകിട്ട് 6 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 7.30 ന് സമാപിക്കും.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2.30 ന് കുടുംബവേദി യോഗങ്ങളും ബുധനാഴ്ച 2.30 ന് ലഹരിവിമോചന സമ്മേളനവും, വൈകിട്ട് 6 മുതല്‍ 7.30 വരെ സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള മീറ്റിംഗും, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 4 ന് യുവവേദി യോഗങ്ങളും പന്തലില്‍വച്ച് നടത്തുന്നതാണ്.

ബുധന്‍ മുതല്‍ ശനിവരെ വൈകിട്ട് 7.30 മുതല്‍ 9 വരെയുളള സമയം ഭാഷാ അടിസ്ഥാനത്തിലുള്ള മിഷന്‍ ഫീല്‍ഡ് കൂട്ടായ്മകള്‍ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ക്രമത്തില്‍ പ്രത്യേക യോഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു.

വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4 മണി വരെ സന്നദ്ധ സുവിശേഷക സംഘത്തിന്റെയും, വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4 മണി വരെ സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളാണ്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4 മണി വരെ മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ മിഷനറി യോഗമായി ക്രമീകരിച്ചിരിക്കുന്നു.

പൂര്‍ണ്ണസമയം സുവിശേഷവേലയ്ക്കു സമര്‍പ്പിക്കുന്ന 12 വയസിന് താഴെയുള്ള കുട്ടികളുടെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 14 വെള്ളിയാഴ്ചയും 12 വയസിന് മുകളില്‍ പ്രായമുള്ളവരുടെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 15 ശനിയാഴ്ചയും രാവിലെ 7.30 ന് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കണ്‍വന്‍ഷന്‍ ക്രമീകരണങ്ങളില്‍ നിര്‍ലോഭം സഹകരിക്കുന്നു. കണ്‍വന്‍ഷന്‍ നഗറില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനും നദിയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും റോഡുകളുടെ അറ്റകുറ്റ പണികള്‍ നടത്തുന്നതിനും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ആവശ്യമായ ക്രമീകരണം ചെയ്യുന്നു.

കെ.എസ്.ആര്‍.ടി.സി. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രത്യേകം ബസ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നു. പോലീസ്, അഗ്‌നിശമന സേന, ആരോഗ്യവകുപ്പ്, ടെലികോം, വൈദ്യുതി തുടങ്ങിയ വകുപ്പുകളും കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നു.

മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയും സംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായും കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.

പ്രസംഗസംഘത്തിന്റെ ജനറല്‍ സെക്രട്ടറി റവ.എബി കെ. ജോഷ്വാ (ജനറല്‍ കണ്‍വീനര്‍), ലേഖക സെക്രട്ടറി പ്രൊഫ. എബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വര്‍ഗീസ്, ട്രഷറാര്‍ ഡോ.എബി തോമസ് വാരിക്കാട്, പ്രസ്സ് ്ന്‍ഡ് മീഡിയ കമ്മറ്റി കണ്‍വീനര്‍മാരായ തോമസ് കോശി, റ്റിജു എം. ജോര്‍ജ്ജ് കമ്മറ്റി അംഗമായ പി.പി. അച്ചന്‍കുഞ്ഞ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഡെപ്യൂട്ടി തഹസില്‍ദാര്‍ വിമല്‍കുമാര്‍ .എന്‍ അന്തരിച്ചു

മാന്നാര്‍▪️ ചെങ്ങന്നൂര്‍ ആര്‍ഡിഒ ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍ മാന്നാര്‍ വിഷവര്‍ശേരിക്കര ത…