▶️കര്‍ഷകര്‍ ഉല്‍സവ പ്രതീതിയില്‍; നമ്മുടെ പുത്തന്‍കാവ് ചൊവ്വാഴ്ച ചന്ത ഒരു വര്‍ഷം പിന്നിട്ടു

0 second read
0
1,269

ചെങ്ങന്നൂര്‍▪️ കാര്‍ഷിക വിഭവങ്ങളുമായി എത്തിയ കര്‍ഷകര്‍ ഉല്‍സവ പ്രതീതിയില്‍. നമ്മുടെ പുത്തന്‍കാവ് ചൊവ്വാഴ്ച ചന്ത ഒരു വര്‍ഷം പിന്നിട്ടു.

വിഷരഹിതമായ തനി നാടന്‍ കാര്‍ഷിക വിഭവങ്ങളും വീടുകളില്‍ നിര്‍മ്മിക്കുന്ന ഭക്ഷ്യോല്‍പ്പന്നങ്ങളും മിതമായ നിരക്കില്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ആരംഭിച്ച നമ്മുടെ പുത്തന്‍കാവ് ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെ ചൊവ്വാഴ്ച ചന്തയുടെ 53ാമത്തെ വിപണിയും ഒന്നാമത് വാര്‍ഷികദിന ആഘോഷവും ഇടനാട് പാലത്തിന് സമീപം നടന്നു.

വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ വാര്‍ഷിക ദിനത്തില്‍ പങ്കാളിയായി. പുത്തന്‍കാവിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ജൈവ രീതിയില്‍ കൃഷി ചെയ്യുന്ന പച്ചക്കറികളാണ് ചൊവ്വാഴ്ച ചന്തയില്‍ എത്തുന്നത്.

എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് 4.30ന് ഇടനാട് പാലത്തിന് സമീപമുള്ള നമ്മുടെ പുത്തന്‍കാവ് വിപണി ചൊവ്വാഴ്ച ചന്ത നടക്കുന്നത്.

ശുദ്ധമായ വെളിച്ചെണ്ണയില്‍ പാകം ചെയ്യുന്ന ഹോം മെയ്ഡ് ഉല്‍പ്പന്നങ്ങളും ന്യായമായ വിലയില്‍ തന്നെ നാടന്‍ പച്ചക്കറികളോടൊപ്പം ചൊവ്വാഴ്ച ചന്തയില്‍ നിന്നും ലഭിക്കുന്നതാണ്.

2024 ഏപ്രിലില്‍ 5 വില്‍പ്പനക്കാരുമായി തുടങ്ങിയ വിപണി ഇന്ന് 36ല്‍ അധികം വില്‍പ്പനക്കാരുമായുമായി സര്‍ക്കാര്‍ ഏജന്‍സികളുടെം യാതൊരു പിന്തുണയും, സഹായവുമില്ലാതെ വില്‍പ്പനക്കാരുടെയുടെയും, ഉപഭോക്താക്കളുടെയും പിന്തുണയോട് കൂടിയാണ് വിപണി നടത്തുന്നത്.

വില്‍പ്പനയ്ക്ക് വരുന്ന ചിലര്‍ക്ക് അര്‍ഹതക്കനുസരിച്ച് സാമ്പത്തിക സഹായം ചെയ്യുന്നതിനും നമ്മുടെ പുത്തന്‍കാവ് വിപണിക്ക് കഴിഞ്ഞിട്ടുണ്ട്.

വിപണി തുടങ്ങിയ ദിവസം മുതല്‍ ആയിരക്കണക്കിന് പച്ചക്കറി വിത്തുകളും, തണ്ടുകളും, ഫലവൃക്ഷ തൈകളും വിപണികളില്‍ കൂടി സൗജന്യമായി കൊടുത്തു. വാര്‍ഷിക ദിനത്തിലും ഔഷധസസ്യങ്ങളുടെ വിത്തുകളും, തണ്ടുകളും, തൈകളും വിപണിയില്‍ വന്നവര്‍ക്ക് കൊടുത്തു.

ആഘോഷത്തിന്റ ഭാഗമായി വിപണിയില്‍ പായസ വിതരണവും നടന്നു. വിപണിയില്‍ വന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ സമ്മാനര്‍ഹരായ 30 പേര്‍ക്ക് സമ്മാനങ്ങളും നല്‍കി.

ആല വിപണി, മുണ്ടന്‍കാവ് വിപണി, കോയിപ്രം വിപണി, ആറന്മുള വിപണിയുടെ പ്രവര്‍ത്തകരും എത്തിയിരുന്നു. ഓണചന്തയും, ആടാം പാടാം എന്ന പേരില്‍ ഒരു ക്രിസ്മസ് ചന്തയും നടത്തുകയുണ്ടായി.

മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുവാന്‍ സ്ഥലം ഉള്ളതും, ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്നതുമായ ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ സെന്റ്. ആനിസ് സ്‌കൂളിനെ തിരഞ്ഞെടുത്ത് നമ്മുടെ പുത്തന്‍കാവ് വിപണി ചൊവ്വാഴ്ച ചന്തയും, ആല വിപണിയും സംയുക്തമായി വിത്തുകളും, തണ്ടുകളും, തൈകളും, വളങ്ങളും സ്‌കൂളില്‍ കൊടുക്കുന്നതിനും അവിടെ കൃഷി ചെയ്യുന്നതിനും സാധിച്ചു.

അധ്യാപകര്‍ക്കും, കുട്ടികള്‍ക്കും കൃഷിയെ കുറിച്ച് അവബോധം ഉണ്ടാക്കുന്ന ക്ലാസ്സുകളും നടത്തി.

കുട്ടികളുടെയും, പ്രായമുള്ളവരുടെയും കലാ വാസനകളെ പരിപോഷിപ്പിക്കുന്നതിനുമായി എല്ലാ ചൊവ്വാഴ്ചയും അതിനുള്ള അവസരം ഒരുക്കി കൊടുക്കുന്നുണ്ട്.

വാര്‍ഷികദിനത്തോടനുബന്ധിച്ച് ഒരു പാട്ട് മത്സരവും നടത്തുകയുണ്ടായി. സമ്മാനര്‍ഹര്‍ക്ക് നാടന്‍ പാട്ട് കലാകാരനും സിനിമ സീരിയല്‍ നടനുമായ പ്രകാശ് വള്ളംകുളം മൊമന്റോ നല്‍കും.

പാട്ട് മത്സരത്തില്‍ ജിയ മേരി ഫിലിപ്പ് (സെന്റ് ഗ്രീഗോറിയോസ്, മുളക്കുഴ), സേറ സൂസന്‍, (സെന്റ് ആനീസ്, അങ്ങാടിക്കല്‍), അര്‍ജുന്‍ സതീഷ് (ചിന്മയ ചെങ്ങന്നൂര്‍) എന്നിവര്‍ സമ്മാനര്‍ഹരായി.

ചടങ്ങില്‍ അഡ്വ. ജെയിംസ് ജോണ്‍, ജിനു ജോര്‍ജ്, വത്സമ്മ എബ്രഹാം, ബാബു പള്ളിക്കല്‍,ഷാജി പട്ടന്താനം, സുലത മോഹന്‍, ഗോപകുമാര്‍, സനല്‍, ടി.വി ബാബു, സ്റ്റീഫന്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

Load More Related Articles
Load More By News Desk
Load More In SPECIAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പുളിക്കീഴ് ബിവറേജസ് ഗോഡൗണിലും ഔട്ട്‌ലെറ്റിലും വന്‍ തീപിടുത്തം

തിരുവല്ല▪️ പുളിക്കീഴ് ബിവറേജസ് ഔട്ട്‌ലെറ്റിലും ഗോഡൗണിലും വന്‍ തീപിടുത്തം. ബിവറേജസ് കോര്‍പ്…